പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീല കുറിഞ്ഞികളെ പറ്റി കേട്ടപ്പോൾ തുടങ്ങിയ മോഹമാണ് എന്തായാലും അവ പൂത്തു പരവതാനി വിരിക്കുന്നതൊന്നു കാണണമെന്ന്. പൂക്കാലത്തിന്റെ ആരംഭത്തിൽ തന്നെ സുഹൃത്തായ മുജീബ് അതിനുള്ള ഒരുക്കങ്ങൾ കൂടിയിരുന്നു. മറ്റൊരു സ്നേഹിതനായ ഫോറെസ്റ് ഓഫീസർ ഷാജിയെ കണ്ടു വട്ടവട പോകാനായിരുന്നു പ്ലാൻ. പക്ഷെ അപ്രതീക്ഷിത കാലാവസ്ഥ മാറ്റവും പ്രളയവും എല്ലാം തന്നെ അതിനൊരു തടസ്സമായി.
ആ മോഹം മനസ്സിൽ വച്ച് നടക്കുമ്പോഴാണ് പുതിയ കാറിൽ പൂജ അവധിക്ക് അത് വരെ ഒന്ന് പോയാലോ എന്നാലോചിച്ചതു. ഉടനെ തന്നെ ഷാജിയെ വിളിച്ചു. അവന്റെ ഉപദേശ പ്രകാരം മഹാനവമി ദിവസമായ വ്യാഴാഴ്ചത്തേക്ക് ഓൺലൈൻ ആയി ബുക്ക് ചെയ്തു. പോകുന്നതിനു മുമ്പായി റൂട്ട് ഒന്ന് നോക്കാനായി ഗൂഗിൾ ചെയ്തു. ഏഴു മണിക്കൂർ യാത്ര വേണ്ടി വരും. അത് കൊണ്ട് നേരത്തെ തന്നെ എത്തിയാലെ കാര്യം നടക്കുകയുള്ളു എന്ന് മനസ്സിലായി. അങ്ങിനെ പാലക്കാടുള്ള എന്റെ സുഹൃത്ത് ഹബിയെ വിളിച്ചു. ഹബിയും പോകണമെന് കരുതിയതാണെന്നും തലേ ദിവസം പാലക്കാടു വന്നാൽ അവരുടെ വീട്ടിൽ താമസിച്ചു അടുത്ത ദിവസം രാവിലെ യാത്ര പുറപ്പെട്ടാൽ ഏകദേശം പത്തു മണിയോടെ ഇരവികുളം എത്താമെന്നും പറഞ്ഞു. അങ്ങനെ പോകാമെന്നു പ്ലാൻ ചെയ്യുകയും ഓൺലൈനായി അഞ്ചു പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തു.
നിശ്ചയിച്ച പ്രകാരം ബുധനാഴ്ച വൈകീട് അഞ്ചു മണിക്ക് ഞാനും കുടുംബവും രാമനാട്ടുകര പുതിയ സിയാസ് കാറിൽ വീട്ടിൽ നിന്നും പുറപ്പെട്ടു രാത്രി ഒമ്പതു മണിയോടെ ഹാബിയുടെ വീട്ടിലെത്തി. പിറ്റേന്ന് കാലത്തു അഞ്ചു മണിക്ക് അവിടെ നിന്നും ഇരവികുളം ലക്ഷ്യമാക്കി പുറപ്പെട്ടു. അതിനിടക്ക് ശബരിമല വിഷയവുമായി വ്യാഴാഴ്ച കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ചു. ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ കേരള അതിർത്തി കടന്നു പൊള്ളാച്ചിയിലെത്തി.അവിടെ നിന്നും പ്രാതൽ കഴിച്ചു. വീണ്ടും യാത്ര തുടർന്നു.
![]() |
| വരയാട് |
ഏകദേശം ഒന്നര മണിക്കൂർ യാത്ര കൂടി ഉണ്ട് ഇരവികുളത്തേക്ക്. മറയൂരിൽ ഹർത്താലനുകൂലികൾ വണ്ടി തടഞ്ഞിട്ട് കുറച്ച് കഴിഞ്ഞേ പോകാനനുവദിക്കുന്നുള്ളൂ എന്നറിഞ്ഞതിനാൽ പുറം കാഴ്ചകളിൽ മയങ്ങാതെ വേഗം കൂട്ടി. ഇതിനിടക്ക് മക്കൾ മാൻ മയിൽ എന്നെല്ലാം വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്റെ സുഹൃത്ത് ചിന്നാർ ഫോറസ്റ്റിലെ ഉദ്യോഗസ്ഥനും കാന്തല്ലൂർ കാരനുമായ അനന്തപദമനാഭനെ വിളിക്കാൻ നോക്കിയെങ്കിലും ഒരു ഫോണിനും റെയിഞ്ച് ഉണ്ടായിരുന്നല്ല. വണ്ടി മറയൂർ ജംഗ്ഷനിലെത്തിയപ്പോൾ തടയുകയും പോകുന്ന സ്ഥലം ചോദിക്കുകയും ചെയ്തു. ഏകദേശം ഒരു പതിനഞ്ച് മിനിട്ട് കഴിഞ്ഞപ്പോൾ പൊയ്ക്കൊള്ളാൻ പറഞ്ഞു. വീണ്ടും അടുത്ത കവലയിൽ തടഞ്ഞു. ഒരു പത്ത് മിനിട്ടുകൂടി നഷ്ടപ്പെട്ടു.
മറയൂർ ചന്ദനക്കാടുകൾക്കിടയിലൂടെ കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന കണ്ണൻ ദേവൻ തേയില തോട്ടങ്ങൾക്കിടയിലേക്ക് കടന്നു. സമയം ഏകദേശം പത്തരയോടടുത്തിരുന്നു. അതിനാൽ എനിക്ക് എത്രയും പെട്ടെന്ന് ഇരവികുളം എത്തണമെന്ന ചിന്ത മാത്രമായിരുന്നു.എന്നാൽ കൂടെയുള്ളവർക്ക് വഴിയിലെല്ലാം നിർത്തി ആ സ്വഭായ് ഫോട്ടോ എടുത്തെല്ലാം പോകണമെന്നതായിരുന്നു ആഗ്രഹം. കുറെ നല്ല പോയന്റുകളിൽ നിർത്തി ഫോട്ടോ എടുത്തു. പതിനൊന്നരയോടെ ഞങ്ങൾ ഇരവികുളമെത്തി. എത്തുന്നതിന് ഒരു കിലോമീറ്റർ 'മുമ്പായി തന്നെ റോഡിനിരുവശവും വണ്ടികളെക്കൊണ്ട് നിറഞ്ഞിരുന്നു. ഹർത്താലൊന്നും ഇങ്ങോട്ട് ബാധിച്ചിട്ടേ ഇല്ല. വണ്ടി പാർക്കു ചെയ്യുന്നതു ബുദ്ധിമുട്ടാവുമല്ലോ എന്നാലോചിച്ച് മെയിൻ കവാടത്തിലെ പോലീസുകാരനോട് ഓൺലൈൻ ബുക്കിങ്ങാണെന്നും വണ്ടിക്കുള്ളതും ബുക്ക് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ഉള്ളിലേക്ക് കടത്തിവിട്ടു. വളരെ അടുത്തായി തന്നെ പാർക്കിങ്ങ് സൗകര്യം കിട്ടി. ടിക്കറ്റിനായുള്ള വരി വളരെ വലുതായരുന്നു. വീണ്ടും ആശങ്കയായ. തിരിച്ച് നാലു മണിക്ക് ചിന്നാർ ചെക്ക് പോസ്റ്റിലെത്തിയില്ലെങ്കിൽ കാനനവാസം നടക്കാൻ സാധ്യത കുറവാണെന് അനന്തൻ സൂചിപ്പിച്ചിരുന്നു. പക്ഷെ ഈ വലിയ വരി തൽസമയം ടിക്കറ്റ് എടുക്കുന്നവർക്കുള്ളതാണെന്നും ഓൺലൈൻ ബുക്ക് ചെയ്തവർ നേരെ പോയി ടിക്കറ്റ് പ്രിന്റ് ഔട്ട് സീൽ ചെയ്ത് വാഹനത്തിൽ കയറാനുള്ള ക്യൂവിൽ നിന്നാൽ മതിയെന്നും - ഉടനെ തന്നെ കൂടെയുള്ളവരെ ക്യൂവിൽ നിർത്തി ടിക്കറ്റ് സീൽ ചെയ്ത് വന്നു. വണ്ടി വരുന്നതിനനുസരിച്ച് മടങ്ങി വരുന്നവർ ഇറങ്ങുകയും കാണാൻ പോകുന്നവരെ കയറ്റുകയും ചെയ്ത് കൊണ്ടിരുന്നു.
ഞങ്ങളുടെ ഊഴം എത്തുന്നതിന് കുറച്ച് മുമ്പ് അഞ്ചാളുകളുള്ള ഏതെങ്കിലും ഗ്രൂപ്പുണ്ടോ എന്ന് ഒരു സ്റ്റാഫ് വിളിച്ച് ചോദിച്ചു. ഞങ്ങൾ അഞ്ചു പേരായതിനാൽ ഞങ്ങളെ വിളിച്ച് കയറ്റി. പിന്നീട് രാജമല ലക്ഷ്യമാക്കി തേയില തോട്ടങ്ങൾക്ക് നടുവിലൂടെ വാഹനം നീങ്ങി തുടങ്ങി. മനോഹരമായ പ്രകൃതി ഭംഗിയും തേയില തോട്ടങ്ങൾക്കിടയിലൂടെ യാത്രയും ആസ്വദിച്ച് മു ക ളിലെത്തി. വണ്ടി നിർത്തി ഇറങ്ങി. വീണ്ടും രണ്ട് കിലോമീറ്ററോളം മുകളിലേക്ക് നടക്കണം
ഈ രണ്ട് കിലോമീറ്റർ കയറ്റം നമ്മളറിയാതെ തന്നെ കയറി പോകും. പല തരം പൂക്കളില ഇലകളിലും തഴുക്കി വരുന്ന കാറ്റിന് ഒരു പ്രത്യേക ഗന്ധവും ഉന്മേഷദായകവുമാണ്.
അനന്തൻ പറഞ്ഞതുപോലെ ഇടക്കിടക്ക് ചെയ്യുന്ന മഴ കാരണം കുറിഞ്ഞികൾ ചീഞ്ഞു തുടങ്ങിയിരുന്നു. ഫോട്ടോയിൽ കാണുന്ന പോലെ നീല പരവതാനി വിരിച്ച കുറിഞ്ഞി മലകൾ ഇല്ല. എങ്കിലും ചിലയിടങ്ങളിൽ കൂട്ടമായി പൂത്തു നില്കുന്ന കുറിഞ്ഞി നയനാനന്ദകരമായിരുന്നു.
കുറച്ച് നടന്നപ്പോൾ ഒരു ഭാഗത്ത് ആൾക്കാർ തടിച്ചുകൂടിയിരിക്കുന്നു നോക്കിയപ്പോൾ ഒരു വരയാട് തന്റെ അതിഥികളെ സന്തോഷിപ്പിക്കാൻ ഫോട്ടോക്ക് കണക്കാക്കി നില്കുകയാണ്. ഞങ്ങളും അതിനോടൊപ്പം കുറച്ച ഫോട്ടോകളെടുത്തു
പിന്നീട് അവൻ പാറകളിലൂടെ ചാടി താഴേക്ക് പോയി. ഞങ്ങൾ കുറച്ച് ദൂരം കൂടി മുന്നോട്ട് പോയി. സഞ്ചാരികൾക്ക് അനുവദിച്ച പോയിന്റിലെത്തി കുറച്ച് നേരം ഇരുന്നു. ഇതിനടുത്തു പലയിടങ്ങളിലായി കുറിഞ്ഞി കളുടെ ചെറിയ കൂട്ടങ്ങൾ കാണാമായിരുന്നു. പരവതാനി വിരിച്ചു നില്കുന്ന കുറിഞ്ഞി ദർശനം എന്ന മോഹം സാക്ഷാൽകരിക്കാൻ കഴിയാതെ ഞങ്ങൾ തിരിച്ചു മലയിറങ്ങി.
സമയം ഏകദേശം ഒന്നര മണിയായിരുന്നു. നാല് മണിക്ക് മുമ്പായി ചിന്നാർ ഫോറസ്റ്റ് ഓഫീസിലെത്തിയാലെ കാനനവാസം നടക്കുകയുള്ളൂ. ഉച്ചഭക്ഷണം കഴിച്ചിട്ടില്ല. അത് കൊണ്ട് തന്നെ തിരിച്ചു നടത്തം വേഗത്തിലാക്കി. വീണ്ടും താഴോട്ടുള്ള ഫോറസ്റ്റിന്റെ വണ്ടിയിൽ കയറാനുള്ള നീണ്ട ക്യൂവിൽ നിൽക്കേണ്ടതുണ്ട്. അതിനിടക്കാണ് അവിടെയുള്ള വിൽപന കേന്ദ്രം കൂടെയുള്ളവരുടെ കണ്ണിൽ പെടുന്നത്. പിന്നെ അവിടെയൊന്ന് കയറേണ്ടി വന്നു. ഒന്ന് രണ്ട് സാധനങ്ങൾ വാങ്ങി ക്യൂവിലേക്ക് ' വണ്ടി വന്നു കയറി. മനോഹരമായ മൂന്നാറിന്റെ ദൂരക്കാഴ്ചകൾ നൽകി കൊണ്ട് വണ്ടി തേയില തോട്ടങ്ങൾക്ക് നടുവിലൂടെ താഴേക്ക് നീങ്ങി. രണ്ട് മണിയോടെ താഴെയെത്തി. എല്ലാവർക്കും നല്ല വിശപ്പ്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് നടത്തുന്ന സ്റ്റൊറന്റിൽ കയറി. ആകെയുള്ളത് ബ്രഡ് ഓംലറ്റ് മാത്രം. കുറച്ച് കാത്തിരുന്നാൽ വെജിറ്റബിൾ ബിരിയാണി റെഡിയാവും എന്ന് പറഞ്ഞു. അതിന് ഓകെ പറഞ്ഞ് ഏകദേശം അര മണിക്കൂർ നഷ്ടപ്പെട്ടു.
അവിടെ നിന്നും ലഭിച്ച ചൂട് ബിരിയാണി കഴിച്ച് വേഗത്തിൽ കാറിൽ കയറി ചിന്നാർ ലക്ഷ്യമാക്കി തിരിച്ചു. സുഹൃത്തിന്റെ ഫോണിൽ റേഞ്ച് വന്നപ്പോൾ അനന്തനെ വിളിച്ചു. അദ്ദേഹം മറയൂരിൽ കാത്ത് നിൽകാമെന്ന് പറഞ്ഞു. കുറെ ഓടി മറയൂരിലെത്തി. അവിടെ വച്ച് അനന്തനെ കണ്ടു. അവൻ അവിടെ താമസത്തിനുള്ള ഏർപ്പാട് ചെയ്തതെല്ലാം പറഞ്ഞു. കൂടെ പഴയ സുഹൃദ് വിശേഷങ്ങളും. അടുത്ത ജംഗ്ഷനിൽ ഹർത്താലനുകൂലികളുടെ വാഹനം തടയൽ തുടരുന്നുണ്ടാരുന്നു. വീണ്ടും പതിനഞ്ച് മിനിട്ട് പോയി. എന്തായാലും നാലേ മുക്കാലോടു കൂടി ഫോറസ്റ്റ് ഓഫീസിലെത്തി. കുറച്ച് കാര്യങ്ങൾ അവിടെ ചെയ്യാനുണ്ടായിരുന്നു. അതിന് ശേഷം രണ്ട് ഫോറസ്റ്റ് ഗാർഡുമാരെ ഞങ്ങളുടെ കൂടെ വിട്ടു. ഈശ്വരനും വിനയനും. രണ്ടു പേരും അന്യോന്യം അളിയൻ മാർ കൂടിയാണ്.
ഏകദേശം മൂന്ന് കിലോമീറ്റർ ഉൾവനത്തിലായുള്ള കൂട്ടാർ ക്യാമ്പാണ് ഞങ്ങൾക്ക് ലഭിച്ചത്. ഗാർഡുമാരായ വിജയേട്ടൻ മുന്നിലും ഈശ്വരൻ മുന്നിലുമായി ഞങ്ങൾ കാൽ നടയായി പ്രയാണം ആരംഭിച്ചു. കൂടെയുള്ളവർക്കെല്ലാം ഉള്ളിൽ ഭയമുണ്ടായിരുന്നു. ആനയും കാട്ടുപോത്തും ധാരാളം ഉള്ള കാടാണ്. ചിലതെല്ലാം അക്രമ സ്വഭാവം കാണിക്കുന്നതും. എന്നാലും പുറത്ത് ധൈര്യം കാണിച്ച് കൊണ് പാമ്പാറിന്റെ തീരത്ത് കൂടി ഞങ്ങൾ നടന്നു. ശാന്തമായി ഒഴുകുന്ന പാമ്പാറിന്റെ ശബ്ദവും ഇരുട്ടു മൂടിവരുന്ന അവസ്ഥയിൽ കാടിന്റെ ഭാവവും ആസ്വദിച കൊണ്ട്. ഇത്രയെല്ലാം യാത്ര ചെയ്ത് ക്ഷീണിച്ചു വന്ന ഞങ്ങൾക്ക് ഈ മൂന്നു കിലോമീറ്റർ നടത്തം ഒരു പ്രശ്നമേ ആയില്ല എന്നത് ഒരു അത്ഭുതം തന്നെ ആയിരുന്നു. ഈ നടത്തം നമ്മുടെ റോഡിലൂടെയോ നാട്ടിലൂടെയോ ആയിരുന്നെങ്കിൽ ഇതിന്റെ പകുതി പോലും പറ്റുമായിരുന്നില്ല എന്നുള്ളത് ഒരു വാസ്തവമാണ്. പാമ്പാറിന്റെ തീരത്ത് കൂടെയുള്ള നടത്തം അവസാനിക്കാറായപ്പോഴാണ് കുത്തിയൊലിച്ചു വരുന്ന മറ്റൊരു ആറ് കാണുന്നത്. അത് ചിന്നാർ ഇത് രണ്ടും കൂടി കൂടി ചേരുന്ന സ്ഥലമാണ കൂട്ടാർ. അതിനടുത്താണ് താമസസ്ഥലം: ' ഇരുൾ മൂടിവരുന്നത് കൊണ്ട് ഈ പുഴകളുടെ സൗന്ദര്യം കൂടുതൽ ആസ്വദിക്കാൻ കഴിഞ്ഞില്ല. പിന്നീട് വള്ളിപ്പകർപ്പുകളിലൂടെയും കുറ്റിച്ചെടികൾക്കിടയിലൂടെയും അവയെല്ലാം വെട്ടിമാറ്റിക്കൊണ്ടുള്ള യാത്ര. അതിനിടക്ക് എന്തോ അനങ്ങുന്ന ഒരു ശബ്ദം ' രണ്ടു ഗാർഡുമാരും ഞങ്ങൾക്ക് കവചം തീർത്ത് പേടിയോടെ മുന്നോട്ട് നീങ്ങാൻ ആംഗ്യം കാണിച്ചു. എല്ലാവരും പരിഭ്രാന്തിയിലായി. വേഗം തന്നെ താമസസ്ഥലത്തെത്തി. മൂന്നുഭാഗവും ചുറ്മുള്ള കരിങ്കൽ ഭിത്തികൾക്ക് നടുവിലായി ഒരു ചെറിയ മര വീട് ഒരു ഭാഗം കുത്തിയൊലിക്കുന്ന ചിന്നാറും വലിയ കല്ലുകളും' ആ ഭാഗത്ത് കൂടിയും ആന കാട്ടുപോത്ത് തുടങ്ങിയ ജീവികൾക്ക് കയറാൻ കഴിയില്ല. അവിടെ എത്തിയതിന് ശേഷമാണ് വിജയേട്ടൻ പറഞ്ഞത് അതൊരു കാട്ടുപോത്തായിരുന്നെന്ന്
അവിടെ എത്തിയതിന് ശേഷം ഒറ്റമുറിയിലുള്ള കട്ടിലെല്ലാം വിരിച്ച് തറയെല്ലാം തുടച്ച് വൃത്തിയാക്കി ഞങ്ങൾക്ക് ഉപയോഗിക്കാനാവശ്യമായ വെള്ളം ബക്കറ്റിൽ കൊണ്ടുവരാനായി കൽകൂട്ടങ്ങളിലൂടെ അവർ പല പ്രാവശ്യം കയറിയിറങ്ങി.
രാത്രി ഭക്ഷണം അവിടെ തന്നെ പാചകം ചെയ്യാനായിരുന്നു പരിപാടി.അതിനായി ഗാർഡുമാരുടെ കയ്യിൽ പച്ചക്കറിയും ചപ്പാത്തി പൊടിയും കരുതിയിരുന്നു. വീടിനോടടുത്ത് നിർമ്മിച്ച ഒരു ഷെഡായിരുന്നു അവരുടെ പാചകപ്പുരയും താമസസ്ഥലവും ' ടോർച്ചിന്റെ വെളിച്ചത്തിൽ ഞങ്ങൾക്കാവശ്യമായ ചപ്പാത്തിയും കറിയും അവർ അവിടെ വച്ചുണ്ടാക്കി. കാട്ടിൽ നിന്നും പറിച്ചെടുത്ത കറിവേപ്പില ഉപയോഗിച്ച് അവരുണ്ടാക്കിയ കറിയുടെ സ്വാദ് അപാരമായിരുന്നു. അതിന് അവരെ പ്രശംസിക്കാനും ആരും പിശുക്ക് കാട്ടിയില്ല
അടുത്ത ദിവസം രാവിലെ തന്നെ ഞങ്ങൾ പുഴയിലേക്കിറങ്ങി. കല്ലുകളിൽ നിന്ന് കല്ലുകളിലേക്ക് പുഴയിലൂടെ നീങ്ങി. 6.30 ആവുമ്പഴേക്കും കട്ടൻ ചായ റെഡി. അത് കുടിച്ച് കഴിഞ്ഞ് ട്രെക്കിങ്ങാണ്. നമ്മുടെ ആവശ്യാർത്ഥം എത്ര വേണമെങ്കിലും നടക്കാൻ ഗാർഡുമാർ റെഡി. യാത്ര തുടങ്ങിയതേയുള്ളൂ. പുഴയുടെ മറുകരയിൽ ഒരുകാട്ടാനക്കൂട്ടം . ആനക്കുട്ടിയടക്കം ഏകദേശം അഞ്ചാനകൾ. പുഴയുടെ അക്കരയായത് കൊണ്ട് പേടിയൊന്നും തോന്നിയില്ല.
വീണ്ടും പല ഭാഗങ്ങളിലായി ആനക്കൂട്ടങ്ങളെ കണ്ടു. ഇടക്ക് വിശ്രമിച്ചും യാത്ര തുടർന്നും ഏകദേശം ആറു കിലോമീറ്ററോളം നടന്നു. ചിന്നാർ വാച്ച് ടവറിൽ എത്തി. അതിന് മുകളിൽ കയറി ' ദൂരെ മാൻ കൂട്ടം മേയുന്നതെല്ലാം കണ്ടു.





No comments:
Post a Comment